മന്ത്രിക്ക് വിദ്യ പോരാ
"അല്ലെങ്കിലും അയാള്‍ ആളു ശരിയല്ല. ഒട്ടും വിവരമില്ല. സംസാരശൈലി ഗുണ്ടകളുടേതാണ് . പള്ളിക്കൂടത്തില്‍ പോകാത്തതിന്‍റെ കുറവാണ് . മനസ്സിലാവാത്തതല്ല, വിവരവും വിദ്യാഭ്യാസമൊക്കെയുള്ള മുഖ്യമ ന്ത്രിക്കെങ്ങനെ ഇയ്യാളെ മന്ത്രിസഭ്യിലുള്‍ക്കൊള്ളിക്കാന്‍ തോന്നി എന്നതാണ് . ഇയ്യാളെങ്ങനെ ഫയലുകള്‍ നോക്കും ഒക്കെ ഇംഗ്ളീഷല്ലെ ? ഒപ്പിടാന്‍ പോലും നേരെ ചൊവ്വെ അറിയുമോ എന്തോ ? നമ്മളുടെയൊക്കെ ഗതിഗേട് എന്നു പറഞ്ഞാല്‍ മതിയല്ലോ . സാക്ഷരകേരളത്തിന് മാനക്കേട് . ആരോഗ്യ രംഗത്തും വിദ്യാഭ്യാസ രംഗത്തുമൊക്കെ യൂറോപ്യന്‍ രാജ്യങ്ങളോട് കിടപിടിക്കുന്നു എന്നാണ് നമ്മുടെ വാദം , കഷ്ടം അവിടയൊക്കെ മന്ത്രിമാര്‍ വിദ്യാഭ്യാസമില്ലാത്തവരാണോ ? വിദ്യാഭ്യാസ രംഗത്ത് മതൃകയായ ഒരു സംസ്ഥാനത്തെ നയിക്കുന്നത് വിദ്യാവഹീനര്‍ എന്നു പറഞ്ഞാല്‍ ? അ..... സാറിനെവിടെയാണ് ഇറങ്ങണ്ടത് ?"
" മാര്‍ക്കററിന്‍റടുത്ത് " മറുപടി പറഞ്ഞു . സംസാരത്തില്‍ ആകൃഷ്ടനായ അയാളും സംസാരിക്കാന്‍ തുടങ്ങി. ചെറുപ്പക്കാരന്‍റെ വാക് ചാതുര്യം നന്നേ ഇഷ്ടപ്പെട്ടു.
" എന്തുചെയ്യാനാ രാഷ്ട്രീയമല്ലെ " അദ്ദേഹം ആത്മഗതം പൂണ്ടു . ഓട്ടോ മാര്‍ക്കററിന്‍റടുത്തെത്താറായിരിക്കുന്നു. അദ്ദെഹം ചോദിച്ചു
"അനിയന് സ്കൂള്‍ കഴിഞ്ഞ് പഠിക്കാനൊന്നും കഴിഞ്ഞില്ലേ? "
സംസാര ശൈലിയും വാക് സാമര്‍ത്ഥ്യവുമൊക്കെ കണ്ടതുകൊണ്ട് അദ്ദേഹത്തിനു തോന്നി ചെറുപ്പക്കാരനു ഉപരിപഠനം ലഭിച്ചിരുന്നെങ്കില്‍ എ ന്തെങ്കിലുമൊക്കെ ആയിപ്പോയേനെ എന്ന് .
"അയ്യോ സാറെ ഞാന്‍ എം.ടെക് കഴിഞ്ഞതാണ് . പലയിടത്തും അപേക്ഷനല്കുകയും ഇന്‍റര്‍വ്യൂവിന് പോകുകയുമൊക്കെ ചെയ്തു . എവിടേയും ജോലി ലഭിച്ചില്ല. അപ്പോള്‍ നിത്യാവശ്യങ്ങള്‍ നടന്നു പോകുന്നതിന്നും വിദ്യാഭ്യാസ വയ്പ തിരിച്ചടക്കുന്നതിന്നും വേണ്ടി ഓട്ടോ ഓടിക്കാം എന്നു തീരുമാനിച്ചു. "
"സഹപാഠികളൊക്കെ ? "
"ചിലര്‍ ക്യമ്പസ് ഇന്‍റര്‍വ്യൂവില്‍ തന്നെ സെലക്ഷന്‍ കിട്ടി പോയി. മററു ചിലര്‍ അനവധി പരീക്ഷകളും കൂടിക്കാഴ്ചകള്‍ക്കും ശേഷം മററു പല ജോലിയിലും കയറിക്കൂടി. ബാക്കിയുള്ളവര്‍ എന്നെപ്പോലേ പലതും ................ "
"ക്യാമ്പസ് ഇന്‍റര്‍വ്യു? അതെന്താ പരിപാടി? " യാത്രികന്‍ .
"അത് പഠിച്ചുകൊണ്ടിരിക്കുമ്പോള്‍ തന്നെ പല കമ്പനികളും കോളേജില്‍ വന്ന് ഇന്‍റര്‍വ്യൂ നടത്തും അതിനെയാണ് ക്യാമ്പസ് ഇന്‍റര്‍വ്യൂ എന്നു പറയുന്നത് " ചെറുപ്പക്കാരന്‍ സംശയം തീര്‍ത്തു.
"എന്നുവെച്ചാല്‍ പരീക്ഷ എഴുതി പാസ്സാകുന്നതിനുമുമ്പെന്നാണോ പറയുന്നത് ! " യാത്രികനു സംശയവും അത്ഭുതവും .
"അതെ, അവസാന വര്‍ഷ വിദ്യാര്‍ത്ഥികളില്‍ നിന്നും പരീക്ഷ കഴിയുന്നതിനു മുമ്പേതന്നെ പല കമ്പനികളും വന്ന് ഇന്‍റര്‍വ്യൂ നടത്തി സെലക്ഷന്‍ നടത്തിപ്പോകും." ചെറുപ്പക്കാരന്‍ വ്യക്തമാക്കി.
"ആ പരിപാടി എം.ടെക് വിദ്യാര്‍ത്ഥികള്‍ക്കു മാത്രമേയുള്ളൂ?" യാത്രികന്‍റെ സംശയങ്ങള്‍ കൂടിക്കൂടി വരുകയാണ് .
"അല്ല , ബി.ടെക് വിദ്യാര്‍ത്ഥികളില്‍ നിന്നും അങ്ങിനെ തിരെഞ്ഞെടുക്കാറുണ്ട് " മറുപടി ലഭിച്ചു.
"അപ്പോള്‍ അന്നേ അതിലൊന്നും പെട്ടില്ല , പിന്നേയും എം.ടെക്കിന് ......... ?" യാത്രികന്‍ ചോദ്യരൂപത്തില്‍ പറഞ്ഞു നിറുത്തി.
" അത് കോളേജ്ജില്‍ നിന്നു തന്നെയാണ് പറഞ്ഞത് ഏതെങ്കിലും ഒന്നില്‍ സ്പെഷലൈസ് ചെയ്ത് എം.ടെക് എടുത്താല്‍ ജോലി ലഭിക്കാന്‍ സാദ്ധ്യത കൂടുതലാണെന്ന് . അങ്ങിനെ അവരുടെ പ്രചോദനം നിമിത്തമാണ് എം.ടെക്കിനു പോയത് ." ചെറുപ്പക്കാരന്‍ പറഞ്ഞു.
" കോളേജ്ജ് സ്വാശ്രയമാണോ?" എന്തോ മനസ്സിലായതു പോലെ യാത്രികന്‍ .
"അതെ, അവരാണല്ലോ ഇങ്ങിനെ പ്രചോദനമൊക്കെ നല്കൂ, സര്‍ക്കാര്‍ വകയാണെങ്കില്‍ വെണമെങ്കില്‍ വന്നോ പഠിച്ചോ എന്നമട്ടാണല്ലോ. ഫീസിനും മററുമുള്ള ലോണിനായി നാം ആവശ്യമായ രേഖകള്‍ നല്കിയാല്‍ മതി എല്ലാം കോളേജ്ജ് നോക്കികൊള്ളും. ഒപ്പു മാത്രം നല്കിയാല്‍ മതി. ബങ്കുകളുമായി നല്ല ബന്ധമാണവര്‍ക്ക് " ചെറുപ്പക്കാരന്‍ .
കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമായതു പോലെ യത്രികന്‍ ചോദിച്ചു , " എം.ടെക് കഴിഞ്ഞ് ഉപരിപഠനത്തിനവിടെ സൌകര്യമില്ലല്ലെ?"
വളരെ ജിഞ്ജാസ പൂര്‍വ്വം ചെറുപ്പക്കാരന്‍ ചോദിച്ചു " ഇല്ല,അതെങ്ങിനെ മനസ്സിലായി?"
"ഭാഗ്യം അടുത്ത വിദ്യാഭ്യാസ ലോണില്‍ നിന്നും രക്ഷപ്പെട്ടല്ലൊ." യാത്രികന്‍ സ്വയമെന്നോണം പറഞ്ഞു.
"ഓട്ടോ ഓടിച്ച് ജീവിക്കാന്‍ തന്നെയാണോ തീരുമാനം" അദ്ദേഹം വീണ്ടും ചോദിച്ചു.
"അയ്യോ അല്ല , ഗള്‍ഫിലേക്ക് വല്ല വിസയും കിട്ടുമോ എന്ന് ശ്രമിക്കുന്നുണ്ട് " ചെറുപ്പക്കാരന്‍ ആവേശത്തോടേയും അല്പം അഭിമാനത്തോടേയും പറഞ്ഞു.
ഓട്ടോ നിന്നു , അദ്ദേഹം ഓട്ടോകൂലി ചോദിച്ചു , 50 രൂപയെടുത്തു കൊടുത്തു . എന്നിട്ടു തുടര്‍ന്നു.
" അപ്പൊ ഇവിടെ പള്ളിക്കൂടത്തില്‍ പോയ സര്‍ട്ടിഫിക്കററുകൊണ്ടു ഒന്നും നടക്കില്ലല്ലെ? അതുശരി , അവിടെയാകുമ്പോള്‍ ഉന്തുവണ്ടി തള്ളിയാലും ഇവിടെ വരുമ്പോള്‍ ചീഫ് എന്‍ജിനീയറാകാമല്ലോ ! ജേര്‍ണ്ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി തല്ലുവാങ്ങുന്ന ജോലിയിലും ഭേദം തന്നേ അനിയാ ഗള്‍ഫില്‍ പോകുന്നത് . എല്ലാവരും തല്ലു കൊണ്ടാലാണ് കോടതിയില്‍ പോകുന്നത് ഇവിടെ കോടതിയില്‍ പോയി തല്ല് ഇരന്നു വാങ്ങിക്കുക എന്ന അത്ഭുത പ്രതിഭാസമാണ് നടക്കുന്നത് , അതിനു ആധുനിക ക്വാളിഫൈഡ് പ്രഫഷനല്‍ ജേര്‍ണലിസ്ററുകള്‍ക്കു മാത്രമേ കഴിയൂ . മാത്രമല്ല , ഇവിടെ അല്പം വിവരവും കഴിവുമുള്ളവര്‍ കാര്യങ്ങള്‍ നടത്തുമ്പോള്‍ അവിടെയിരുന്ന് ചൊറിയുകയും കുത്തിത്തൊലിക്കുകയും ചെയ്യുകയുമാവാമല്ലോ സുക്കര്‍ബക്കിന്‍റെ ലോകം സ്വാതന്ത്ര്യം ആസ്വദിക്കാന്‍ പരമാവുധി അവസരവും നല്കുന്നുണ്ട് , ഏത് ? "
അദ്ദേഹം പറഞ്ഞു നിര്‍ത്തിയില്ല , ഓട്ടോ ഹനുമാന്‍ ഗിയറിലേക്ക് വീണു , ഒററപന്നിക്കു വെടികൊണ്ടതു പോലെ മുന്നോട്ടൊരു ചാട്ടവും മരണപ്പാച്ചിലും. മുന്നിലെ പുക നിമിത്തം ഓട്ടോയെ കാണാന്‍ കഴിഞ്ഞില്ല. ട്രഫിക്ക് തിരക്കി നകത്തുകൂടി എങ്ങോട്ടോ നുഴഞ്ഞുകയറി . അദ്ദേഹം ഒരു ദീര്‍ഘശ്വാസം വിട്ട് മാര്‍ക്കററിനെ ലക്ഷ്യമാക്കി നീങ്ങി.
Comments